ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത ഭീകരാക്രമണ ഗൂഢാലോചനക്കേസ് പ്രതിക്ക് സബർമതി സെൻട്രൽ ജയിലിൽ സഹതടവുകാരുടെ ക്രൂരമർദ്ദനം. ആക്രമിച്ചത് രാജ്യസ്നേഹം പ്രകടിപ്പിക്കാനാണെന്ന് പ്രതികൾ മൊഴി നൽകി.

റിസിൻ എന്ന മാരകവിഷം ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിക്കാണ് (40) മർദ്ദനമേറ്റത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ജിലാനിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ജയിലിനുള്ളിൽ സംഭവം നടന്നത്.

ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ നിലേഷ് ശർമ്മയും മറ്റ് രണ്ട് തടവുകാരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി. ആക്രമണം പെട്ടെന്ന് തടഞ്ഞതിലൂടെ വലിയൊരു സംഘർഷം ഒഴിവായി.

സംഭവത്തെത്തുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ എന്നും, പ്രതികൾ ഇയാളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിന്റെ കാരണമെന്താണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് റാണീപ്പ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ആവണക്കിൽ നിന്ന് വേർതിരിച്ചെടുക്കുന്ന റിസിൻ ഉപയോഗിച്ച് ഭീകരാക്രമണം ആസൂത്രണം ചെയ്തുവെന്നാരോപിച്ചാണ് ജിലാനിയെയും രണ്ട് കൂട്ടാളികളെയും കഴിഞ്ഞ ആഴ്ച എടിഎസ് അറസ്റ്റ് ചെയ്തത്.