ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ ഡോ. ഉമർ നബിയുടെ സഹായി ജാസിർ ബിലാൽ വാനിയുടെ (ഡാനിഷ്) ചിത്രം പുറത്ത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഇയാളെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു. ഉമർ നബിയുടെ രണ്ടാമത്തെ ഏറ്റവും വലിയ സഹായിയാണ് ഇയാളെന്ന് എന്‍ഐഎ വ്യക്തമാക്കി. ഡ്രോണുകള്‍ മോഡിഫൈ ചെയ്യുന്നതിനടക്കം സാങ്കേതിക സഹായം നല്‍കിയത് ഇയാളാണെന്ന് കരുതുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ് ഡാനിഷ്. ഇയാളെ ചാവേറാക്കാന്‍ ഉമര്‍ നബി മാസങ്ങളോളം ശ്രമിച്ചിരുന്നുവെന്ന് എന്‍ഐഎ വ്യക്തമാക്കി.
ശ്രീനഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തന്നെ ജെയ്‌ഷെ മുഹമ്മദിന്റെ ‘ഓവർ ഗ്രൗണ്ട് വർക്കർ (ഒജിഡബ്ല്യു) ആക്കാനാണ് ഭീകരസംഘടനയിലെ മറ്റുള്ളവര്‍ ശ്രമിച്ചിരുന്നതെന്നും, എന്നാല്‍ തന്നെ ചാവേറാക്കാന്‍ ഉമര്‍ നബി ‘ബ്രെയിന്‍ വാഷ്’ ചെയ്തിരുന്നുവെന്നും ഡാനിഷ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.
എന്നാല്‍ തന്റെ മോശം സാമ്പത്തിക സ്ഥിതിയും, ഇസ്ലാമില്‍ ആത്മഹത്യ നിഷിദ്ധമാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ചാവേറാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഡാനിഷ് പിന്മാറുകയായിരുന്നു. നേരത്തെ അമീര്‍ റാഷിദ് അലി എന്നയാളെയും എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.
ഉമര്‍ നബിക്ക് സുരക്ഷിത താമസസ്ഥലമൊരുക്കിയത് ഇയാളാണെന്നാണ് കരുതുന്നത്. കൂടാതെ ഉമര്‍ നബിക്ക് ഇയാള്‍ മറ്റു സഹായങ്ങളും ചെയ്തുകൊടുത്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഐ20 അമീര്‍ റാഷിദ് അലിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. കശ്മീര്‍ സ്വദേശിയായ ഇയാളെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.
ഡല്‍ഹി സ്‌ഫോടനക്കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടവര്‍ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടുപിടിക്കുമെന്നും, അവര്‍ ശിക്ഷിക്കപ്പെടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
