വൃശ്ചികപ്പുലരിയിൽ തുടങ്ങി 65 ദിവസം നീളുന്ന മണ്ഡല മകരവിളക്കു തീർഥാടനം, ദക്ഷിണേന്ത്യ അയ്യപ്പസന്നിധിയിൽ ഒരുമിക്കുന്ന കാലം കൂടിയാണ്. എല്ലാ വഴികളും ശരണമന്ത്ര മുഖരിതമാകുമ്പോൾ മനസ്സു കൊണ്ടെങ്കിലും എല്ലാവരും തീർഥാടനം നടത്തുന്നു. നവംബർ 16ന്, വൃശ്ചികപ്പുലരിയുടെ തലേന്ന് വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ശ്രീകോവിലിലെ ദീപം തെളിയിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് ആരംഭം.

ചടങ്ങുകൾ അനുസരിച്ച് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കുക. നവംബർ 17ന് വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. മണ്ഡലപൂജ ഡിസംബർ 27നാണ്. തങ്കഅങ്കി ചാർത്തി ദീപാരാധന ഡിസംബർ 26ന് വൈകിട്ട് 6.30ന്. മണ്ഡലപൂജയ്ക്കു ശേഷം 27ന് രാത്രി 10ന് നട അടയ്ക്കും. മകരവിളക്കു തീർഥാടനത്തിനായി ഡിസംബർ 30നു വൈകിട്ട് 5ന് നട തുറക്കും. ഭക്തലക്ഷങ്ങൾ ദർശനം കൊതിക്കുന്ന മകരവിളക്ക് ജനുവരി 14ന് ആണ്. തീർഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർഥാടനം പൂർത്തിയാകും.