ധാഖ: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു കോടതി ഉത്തരവ്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്.
ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
അതേസമയം, തനിക്കെതിരേയുള്ള ആരോപണങ്ങൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു കുറ്റവിചാരണയെ താൻ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവർക്ക് അയച്ച ശബ്ദസന്ദേശത്തിൽ ഹസീന പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്റെ പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അത് നടക്കില്ലെന്നും ഹസീന പറഞ്ഞു. “അത്ര എളുപ്പത്തിൽ അവാമി ലീഗിനെ ഇല്ലാതാക്കാൻ സാധിക്കില്ല. അടിത്തട്ടിൽനിന്ന് വളർന്ന പാർട്ടിയാണ് ഇത്. അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റിൽനിന്ന് കിളിർത്തുവന്നതല്ല”, ഹസീന പറഞ്ഞു.
