ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് സ്ത്രീകളിൽ നിന്നായി ഏകദേശം 28 കിലോഗ്രാമിലധികം ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ വിശദമായി പരിശോധിച്ചപ്പോഴാണ്, ഭദ്രമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പിടിച്ചെടുത്തത്.
സ്ത്രീകളുടെ ബാഗേജ് വിവരങ്ങളിൽ സംശയം തോന്നിയാണ് വിശദമായ പരിശോധന നടത്തിയതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ചെക്ക്-ഇൻ സ്യൂട്ട്കേസുകൾ വിശദമായി പരിശോധിച്ചപ്പോഴാണ്, ഭദ്രമായി പായ്ക്ക് ചെയ്ത് ഒളിപ്പിച്ച നിലയിൽ 28.080 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ തായ്‍ലൻഡിലെ ഫൂക്കറ്റിൽ നിന്നാണ് ഇന്ത്യയിലേക്ക് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്ത്രീ മുമ്പ് ദുബൈയിൽ വീട്ടുജോലിക്കാരിയായിരുന്നു. നിലവിൽ ചെന്നൈയിൽ താമസിക്കുന്നു. ഇവർ ചലച്ചിത്ര മേഖലയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയ ലാഭം വാഗ്ദാനം ചെയ്താകാം ഇവരെ മയക്കുമരുന്ന് കടത്തിന് പ്രേരിപ്പിച്ചതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
