കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചെന്ന പരാതിയിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പോലീസാണ് ഇന്നലെ വൈകിട്ട് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. നിലവിൽ കല്ലൂരിലെ ഫ്ലാറ്റിൽ ആൺസുഹൃത്തിനൊപ്പമാണ് യുവതിയും കുട്ടിയും താമസിക്കുന്നത്. യുവതിയും ആൺസുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിർത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണു മർദനത്തിനു പിന്നിൽ. ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിക്കുകയും ചെയ്തു.

കുട്ടിയെ പിന്നെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മാന്തി മുറിവേൽപിച്ചുവെന്നും എഫ്ഐആറിൽ പോലിസ് വ്യക്തമാക്കുന്നു. കേസിൽ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അച്ഛനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.