ദില്ലി: ജമ്മുകശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനം ആക്സിഡന്റൽ സ്ഫോടനമാണെന്നും ആസൂത്രിതമല്ലെന്നും ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം. മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. സംഭവത്തിന് പിന്നാലെ, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ജമ്മു കാശ്മീർ സന്ദർശിച്ചേക്കും. നൗ​ഗാം സ്ഫോടനമുണ്ടായ സ്ഥലം സന്ദർശിക്കും എന്നാണ് സൂചന. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി വൈകിട്ടാണ് ആണ് സ്ഫോടനമുണ്ടായത്.

തീവ്രവാദ ബന്ധമുള്ള കേസിൽ പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണമെന്നും ആക്സിഡന്റൽ സ്ഫോടനമാണെന്നും ആസൂത്രിതമല്ലെന്നും ആവർത്തിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, 9 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ട്.

കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലാബ് അംഗങ്ങൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ക്രൈം വിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 27 പോലീസുകാരും 3 സാധാരണക്കാരും ഉൾപ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ‘വൈറ്റ് കോളർ’ ഭീകരസംഘടനയുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ നിന്ന് അടുത്തിടെ പിടിച്ചെടുത്ത വൻതോതിലുള്ള സ്ഫോടകവസ്തുക്കളുടെ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഗനായിയുടെ വാടകവീട്ടിൽ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടക രാസവസ്തുക്കളുടെ ഭാഗമാണ് പൊട്ടിത്തെറിച്ച സ്ഫോടകവസ്തുക്കൾ. ഇതിൽ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയവ ഉൾപ്പെടുന്നു. സ്ഫോടനത്തിന്റെ ശക്തിയിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു.ഇത് തീവ്രവാദി ആക്രമണമല്ലെന്നും, സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച അപകടം മാത്രമാണെന്നും ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് സ്ഥിരീകരിച്ചിട്ടുണ്ട്.