താനെ : മഹാരാഷ്ട്രയിലെ താനെയിൽ ആറാം ക്ലാസുകാരി 19ാം നിലയിൽനിന്ന് താഴേക്ക് ചാടി മരിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കല്യാൺ വെസ്റ്റ് മേഖലയിലാണ് സംഭവം. പഠനത്തിൽ മികവു പുലർത്താനായില്ലെന്നും മാർക്കുകൾ കുറവായിരുന്നതിനാൽ വലിയ സമ്മർദത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു.

അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. നിരന്തരം പഠിച്ചിട്ടും മികവു പുലർത്താനാകാത്തതിൽ പെൺകുട്ടിക്ക് നിരാശയുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദീപാവലിക്കു മുൻപ് നടത്തിയ പരീക്ഷയിൽ വളരെ കുറഞ്ഞ മാർക്കുകളാണ് പെൺകുട്ടിക്ക് ലഭിച്ചത്. പഠനം മെച്ചപ്പെടുത്തണമെന്ന് അധ്യാപകർ നിരന്തരം കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാൽ കുട്ടി സമ്മർദത്തിലായിരുന്നു.

19ാം നിലയിലെ സ്വന്തം ഫ്ലാറ്റിന്റെ ജനാലയിൽനിന്നാണ് കുട്ടി ചാടിയത്. ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിലേക്കാണ് വീണത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഖഡക്പഡ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്