ശ്രീന​ഗർ: സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ 22 ആർആർ, 179 ബിഎൻ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ രണ്ട് ഭീകരർ പിടിയിലായി. സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ട് എന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിൽ സുരക്ഷാ സേന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിവർ പിടിയിലാകുന്നത്.

പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന മുഹമ്മദ് അക്ബർ നജാറിന്റെ മകൻ ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന മുഹമ്മദ് സുൽത്താൻ മിറിന്റെ മകൻ ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.

ഒരു പിസ്റ്റൾ, മാഗസിൻ, 20 ലൈവ് റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട്, സോപോർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി സ്ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് കശ്മീരിൽ ഭീകരരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ദില്ലി സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മാതൃകാപരമായ ശിക്ഷ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. പ്രതികൾക്കെതിരെ സ്വീകരിക്കുന്ന നടപടി രാജ്യത്തിന്റെ തീവ്രവാദത്തിനെതിരായ സഹിഷ്ണുതയില്ലാത്ത നയത്തെ പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.