അരൂർ അപകടം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം,ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

തിരുവനന്തപുരം: അരൂര്‍ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഇടപെടലുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. അപകടത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് പിഡബ്ല്യുഡി സെക്രട്ടറിക്ക് മന്ത്രി കത്തയച്ചു. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടണമെന്നും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സുരക്ഷ പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നെന്നും ഒരു ജീവനും പൊലിയാന്‍ പാടില്ലാത്തതാണെന്നുമായിരുന്നു സ്ഥലം എംഎല്‍എ ദലീമയുടെ പ്രതികരണം. കൂടാതെ അപകടത്തില്‍ അപലപിച്ചുകൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

അതേസമയം അപകടത്തില്‍ വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെടുത്താന്‍ കൈ ഉയര്‍ത്തി കാണിച്ചിരുന്നെന്നും എന്നാല്‍ മൂന്ന് മണിക്കൂര്‍ ഒന്നും ചെയ്യാന്‍ കഴിയാത്തത് മരണത്തിന് കാരണമായി എന്നും നാട്ടുകാര്‍ വ്യക്തമാക്കി.