കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദനം. 39 കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ അതിക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ യുവതി കഴിഞ്ഞ രണ്ട് ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുമാരനെല്ലൂരിലെ വീട്ടിൽ വെച്ചായിരുന്നു രമ്യയെ ജയൻ മർദിച്ചത്. ആക്രമണത്തിൽ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മുഖത്തും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. ആക്രമണത്തിൽ രമ്യയുടെ കാഴ്ച മങ്ങുകയും കേൾവി കുറയുകയും ചെയ്തു.

രമ്യയുടെ മൂത്തമകളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തി കേസെടുത്തു.381, 296, 115 വകുപ്പുകൾ പ്രകാരമാണ് കേസ്. പോലീസ് എഫ്ഐആർ ഇട്ടതിന് പിന്നാലെ പ്രതി ജയൻ ശ്രീധരൻ ഒളിവിൽ പോയി.

രമ്യയെ ജയൻ നിരന്തരം മർദ്ദിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. പലതവണ അതിക്രൂരമായി മർദിച്ചിട്ടുണ്ട്.ഒരു കാരണവുമില്ലാതെയാണ് ഭർത്താവ് മർദ്ദിക്കുന്നതെന്ന് യുവതി പറഞ്ഞു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. മക്കളെയും ജയൻ മർദിച്ചിരുന്നതായി രമ്യ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഇരുവരും ഏറെക്കാലം വിദേശത്തായിരുന്നു. ഖത്തറിൽ ആയിരുന്ന സമയത്തും സമാന രീതിയിൽ മർദിച്ചിരുന്നതായി രമ്യ പറയുന്നു.

ഇതിനു മുൻപും രമ്യ പോലീസിൽ പരാതിയിൽ നൽകിയിരുന്നു. എന്നാൽ, ഇനി ഉപദ്രവം ആവർത്തിക്കില്ലെന്ന് ജയൻ പറഞ്ഞതോടെയാണ് അപ്പോഴെല്ലാം കേസ് ഒത്തുതീർപ്പായത്. നിലവിൽ തൃക്കൊടിത്താനത്തെ സ്വന്തം വീട്ടിൽ ആണ് രമ്യ.