ദില്ലി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ നടത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ രംഗത്ത്. സ്ഫോടനം ഇന്ത്യയുടെ ‘നാടകം’ ആണെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങളുടെ പ്രധാന പ്രചാരണം. കൂടാതെ, ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യയും താലിബാനും ചേർന്നുള്ള കൂട്ടുകെട്ട് ആസൂത്രണം ചെയ്തതാണെന്നും പാക് മാധ്യമങ്ങൾ ആരോപിക്കുന്നു. ഈ പ്രചാരണങ്ങളെല്ലാം കേന്ദ്രസർക്കാർ ശക്തമായി നിഷേധിച്ചു.

ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഊർജിതപ്പെടുത്തി. കേസിൽ അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരെ കഴിഞ്ഞ ദിവസമാണ് ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്.

സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിന് പങ്കുണ്ടോയെന്ന് എൻ.ഐ.എ. സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ മുഹമ്മദ് നടത്തിയത് ചാവേർ ആക്രമണം ആയിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.