മഹാസഖ്യത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രശ്‌നമുണ്ടാക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും തേജസ്വി

പട്‌ന: ബിഹാറില്‍ നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അമിത് ഷായുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്ക് ശ്രമം നടക്കുന്നതായി തേജസ്വി യാദവ് ആരോപിച്ചു. അമിത് ഷാ ഉദ്യോഗസ്ഥരെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. മഹാസഖ്യത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രശ്‌നമുണ്ടാക്കാന്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതായും തേജസ്വി ചൂണ്ടിക്കാട്ടി. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു തേജസ്വി ആരോപണം ഉന്നയിച്ചത്.

ആദ്യഘട്ട വോട്ടെടുപ്പിന് ശേഷം എന്‍ഡിഎ ആശങ്കയിലാണെന്ന് തേജസ്വി പറഞ്ഞു. തോല്‍ക്കുമെന്ന് അവര്‍ ഭയക്കുന്നു. ഫോണിലൂടെയും നേരിട്ടും അമിത് ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. താമസിക്കുന്ന ഹോട്ടലിലെ സിസിടിവി ഓഫാക്കിയ ശേഷമാണ് അമിത് ഷാ ഉദ്യോഗസ്ഥരെ കാണുന്നതെന്നും തേജസ്വം ആരോപിച്ചു. രണ്ട് ഗുജറാത്തികള്‍ ബിഹാറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമം നടത്തുകയാണ്. ബിഹാര്‍ ജനത ഒരിക്കലും വോട്ട് കൊള്ള അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് തേജസ്വി യാദവ് ആവശ്യപ്പെട്ടു.