ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ മുത്തശ്ശിയോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൂഗ്ലിയിലാണ് സംഭവം. താരകേശ്വറിലെ റെയില്‍വേ ഷെഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെയോടെ കുട്ടിയെ താരകേശ്വര്‍ റെയില്‍വേ ഹൈ ഡ്രെയിനിന് സമീപം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുഞ്ഞ് തന്നോടൊപ്പം ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ ആരോ അവളെ എടുത്തുകൊണ്ടുപോയി. എപ്പോഴാണ് കൊണ്ടുപോയതെന്ന് തനിക്ക് കൃത്യമായി അറിയില്ല. അവളെ ആരാണ് കൊണ്ടുപോയതെന്നും അറിയില്ല. അവര്‍ കൊതുകുവല മുറിച്ചാണ് അവളെ കൊണ്ടുപോയത്. പിന്നീട് നഗ്നയായി തിരികെ ലഭിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയെ മുത്തശി പറഞ്ഞു.

ഞങ്ങളുടെ വീടുകള്‍ അവര്‍ തകര്‍ത്തതിനാലാണ് തെരുവില്‍ താമസിക്കേണ്ടി വരുന്നത്. ഞങ്ങള്‍ എവിടേക്ക് പോകും, ഞങ്ങള്‍ക്ക് വീടുകളില്ല, വിതുമ്പലോടെ അവര്‍ പറഞ്ഞു.

പെണ്‍കുട്ടിയെ താരകേശ്വര്‍ ഗ്രാമിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം (പോക്‌സോ) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ച് സംഭവത്തിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

താരകേശ്വരില്‍ നാല് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഇക്കാര്യം ധരിപ്പിക്കാന്‍ കുഞ്ഞിന്റെ കുടുംബം പോലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. കുറ്റകൃത്യം കുഴിച്ചുമൂടുന്ന തിരക്കിലാണ് താരകേശ്വര്‍ പോലീസ്. മമത ബാനര്‍ജിയുടെ സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്. ഒരു കുട്ടിയുടെ ജീവിതം തകര്‍ന്നു, എന്നിട്ടും സര്‍ക്കാര്‍ അത് അടിച്ചമര്‍ത്തിയെന്നും ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്‌സില്‍ കുറിച്ചു.