പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വംബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. സ്വർണക്കൊള്ള കേസിൽ ഏഴാം പ്രതിയാണ് ബൈജു. ഇതോടെ ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് ബൈജു ഉള്‍പ്പെടെ നാല് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2019 ജൂലൈ 19ന് സ്വര്‍ണപാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മേൽനോട്ടചുമതലയുള്ള ബൈജു അന്നേ ദിവസം വിട്ടു നിന്നത് ഗുരുതരവീഴ്ച വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. സ്വർണപാളികളുടെ തൂക്കം ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തേണ്ടിയിരുന്നത് ബൈജുവാണ്. എന്നാൽ അന്ന് സംഭവ സ്ഥലത്ത് ഇല്ലാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം , ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും കസറ്റഡിയിൽ വേണം എന്ന് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ശ്രീകോവിൽ വാതിലുമായി ബന്ധപ്പെട്ട തട്ടിപ്പിലേക്കുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രതികളെ കൂടുതൽ സമയം കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം മുരാരി ബാബു ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ ഇന്ന് റാന്നി മജിസ്ട്രേറ്റ് കോടതി തീരുമാനം എടുക്കും. ദ്വാരപാലക കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പത്തനംതിട്ട സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്.
