മാരാരിക്കുളം: ബാറിൽ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാക്കൾക്ക് നേരെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദനം, ഒളിവിൽ പോയ ‘ഡ്രാഗൺ അപ്പു’ പിടിയിൽ. ചേർത്തല താലൂക്ക് മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 18-ൽ ചെത്തി പി ഒ-യിൽ ഡ്രാഗൺ അപ്പു’ എന്ന് വിളിക്കുന്ന അമൽ പയസാണ്(27) അറസ്റ്റിലായത്.

യുവാക്കളെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മർദിച്ചത് ഒക്ടോബർ 30-ന് ആയിരുന്നു. മർദ്ദനത്തിൽ എറണാകുളം സ്വദേശിയുടെ തലയ്ക്ക് പരിക്കേൽക്കുകയും കൈവിരലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അമൽ പയസിനെ നവംബർ ആറിനാണ് മാരാരിക്കുളം പോലീസ് പിടികൂടിയത്. കേസിൽ മറ്റൊരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും മാരാരിക്കുളം പോലീസ് വ്യക്തമാക്കി.

മാരാരിക്കുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മോഹിത് പി കെയുടെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ ചന്ദ്രബാബു, സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് ആർ ഡി, അഭിലാഷ്, ബൈജു തുടങ്ങിയവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.