തനിക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ടെന്ന് റാപ്പര്‍ വേടന്‍. എന്നാലത് ശീലമായെന്നും താന്‍ മരിക്കുന്നതുവരെയും അത് തുടരുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ ഉയര്‍ന്നത് അനാവശ്യ വിവാദങ്ങളാണെന്നും വേടന്‍ പറഞ്ഞു.

വേടന്റെ വാക്കുകള്‍

‘എനിക്കെതിരെ സംഘടിത ആക്രമണമുണ്ട്. പക്ഷെ അത് ശീലമായി. ഞാന്‍ മരിക്കുന്നതുവരെയും ഈ ആക്രമണം തുടരും. അനാവശ്യ വിവാദമായിരുന്നു മന്ത്രിക്കെതിരെ വന്നത്. ഞങ്ങള്‍ നല്ല ടേമിലുള്ള ആള്‍ക്കാരാണ്. അദ്ദേഹം അങ്ങനെ പറയില്ല. അദ്ദേഹം ഇത്തിരി വയസൊക്കെ ആയ മനുഷ്യനല്ലെ, നമ്മള്‍ കുറച്ച് കരുണയൊക്കെ കാണിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേസിന്റെ കാര്യത്തില്‍ കൂടുതല്‍ സംസാരിക്കാനില്ല’ വേടൻ പറഞ്ഞു.

വേടന് പോലും അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമർശം. പരാമർശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. പോലും എന്ന വാക്ക് വളച്ചൊടിക്കരുതെന്നായിരുന്നു മന്ത്രി പറഞ്ഞത്. വേടന്റെ വാക്കുകൾ മാത്രമാണ് താൻ ഉപയോഗിച്ചത്. ഗാനരചയിതാവല്ലാത്ത വേടന് അവാർഡ് നൽകിയതിനാലാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.