റഷ്യ: 19 ദിവസം മുമ്പ് റഷ്യയിലെ ഉഫ നഗരത്തിൽനിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് വ്യാഴാഴ്ച വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽനിന്ന് കണ്ടെടുത്തത്. 2023ലാണ് റഷ്യയിലെ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠനത്തിനായി അജിത് സിങ് എത്തിച്ചേർന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ 19നാണ് ഉഫ എന്ന നഗരത്തിൽ നിന്ന് അജിത്തിനെ കാണാതായത്. പാൽ വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് ഏകദേശം രാവിലെ 11 മണിയോടെയാണ് അജിത്ത് ഹോസ്റ്റിലിൽ നിന്ന് ഇറങ്ങിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. എന്നാൽ പിന്നീട് തിരിച്ചെത്തിയില്ല. അജിത്തിന്റെ സുഹൃത്തുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അജിത്തിന്റെ മരണ വാർത്ത റഷ്യയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
അജിത് സിങ്ങിൻ്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂ എന്നിവ നദീതീരത്തുനിന്ന് കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആൽവാർ പറഞ്ഞു. കാണാതാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അജിത്തും മറ്റൊരു യുവാവും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നുവെന്നും ജിതേന്ദ്ര സിങ് ആൽവാർ വ്യക്തമാക്കി.
വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് ജിതേന്ദ്ര സിങ് ആൽവാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റെ അഭ്യർത്ഥന.
