രിയാനയിലെ ഫരീദാബാദിൽ 17 വയസുകാരിക്ക് നേരെ വെടിയുതിർത്ത 30 വയസുകാരൻ പിടിയിൽ. ജിതേന്ദ്ര എന്ന ജതിൻ മംഗ്ലയാണ് പോലീസ് പിടിയിലായത്. പ്രണയാഭ്യർത്ഥന നിരസിച്ചപ്പോൾ ദേഷ്യം തോന്നിയതുകൊണ്ടാണ് താൻ വെടിവച്ചതെന്ന് ജിതേന്ദ്ര പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പ്ലസ് ടു വിദ്യാർത്ഥിനിയെ പട്ടാപ്പകൽ രണ്ട് തവണ വെടിവച്ചത്.

ഈ മാസം മൂന്നിന് ഫരീദാബാദിലെ ശ്യാം കോളനിയിലുള്ള ലൈബ്രറിയിൽ നിന്ന് ഭഗത് സിംഗ് കോളനിയിലുള്ള തൻ്റെ വീട്ടിലേക്ക് നടക്കുമ്പോഴാണ് കുട്ടിയ്ക്ക് വെടിയേറ്റത്. കനിഷ്ക എന്ന 17 വയസുകാരിക്ക് നേരെ ജിതേന്ദ്ര രണ്ട് തവണ വെടിയുതിർത്തു. ഒരു വെടിയുണ്ട കുട്ടിയുടെ തോളിലും മറ്റൊന്ന് വയറ്റിലുമാണ് തറച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്ന കനിഷ്കയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കേസെടുത്ത പോലീസ് ഗുഡ്ഗാവിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പോലീസ് അറിയിച്ചു.

ഫരീദാബാദിലെ റാവൽ ഇൻസ്റ്റിറ്റ്യൂട്ട് കോളജിൽ അക്കൗണ്ടിങ് വിഭാഗം ജീവനക്കാരനാണ് ജിതേന്ദ്ര. 2024ലാണ് ഇയാൾ കുട്ടിയെ കാണുന്നത്. അന്ന് മുതൽ ഇയാൾ നിരന്തരം കുട്ടിയെ ശല്യപ്പെടുത്തുമായിരുന്നു. പലതവണ താത്പര്യമില്ലെന്നറിയിച്ചിട്ടും ജിതേന്ദ്ര പിന്മാറിയില്ല. നവംബർ മൂന്നിന് ജിതേന്ദ്ര കുട്ടിയെ പിന്തുടർന്ന് സംസാരിക്കണമെന്നാവശ്യപ്പെട്ടു. കുട്ടി നിരസിച്ചപ്പോൾ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.