മുംബൈ: പരീക്ഷണയോട്ടത്തിനിടെ പാളംതെറ്റി ട്രെയിന്‍ ബീമിലിടിച്ച് ഉണ്ടായ അപകട‌ത്തിൽ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച മുംബൈ മോണോറെയില്‍ ആണ് സംഭവം ഉണ്ടായത്. രാവിലെ വഡാല ഡിപ്പോയിൽ ഉണ്ടായ അപകടത്തിൽ ആണ് ട്രെയിന്‍ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റത്. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

പുതുതായി എത്തിച്ച മോണോറെയില്‍ റേക്കിന്റെ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ആദ്യ കോച്ചാണ് പാളംതെറ്റി ബീമിലിടിച്ചത്. തുടര്‍ന്ന് വശത്തേക്ക് നീങ്ങി രണ്ട് തൂണുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തില്‍ റേക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പിന്നീട് ക്രെയിനിന്റെ സഹായത്തോടെയാണ് അപകടത്തില്‍പ്പെട്ട ട്രെയിന്‍ ട്രാക്കില്‍നിന്ന് നീക്കിയത്.

നവീകരണ പ്രവൃത്തികളേത്തുടര്‍ന്ന് സെപ്റ്റംബര്‍ 20 മുതല്‍ മുംബൈ മോണോറെയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. പതിവായി നടത്തുന്ന സിഗ്നലിങ് ട്രയലിനിടെയാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നടന്നത് ചെറിയ അപകടമാണെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, അപകടസമയത്ത് ട്രെയിന്‍ ക്യാപ്റ്റനും എന്‍ജിനീയറും അടക്കം ആറുപേര്‍ ട്രെയിനിലുണ്ടായിരുന്നതായി മോണോറെയില്‍ സ്റ്റാഫ് യൂണിയന്‍ അറിയിച്ചു. ട്രെയിന്‍ ക്യാപ്റ്റനും എന്‍ജിനീയര്‍ക്കും മറ്റൊരു ജീവനക്കാരനും അപകടത്തില്‍ പരിക്കേറ്റു. ഇവരെ കാറിലാണ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.