തിരുവനന്തപുരം :വർക്കലയിൽ മദ്യ ലഹരിയിൽ സഹ യാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിക്കുന്നത്.
വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആർ. വഴിമാറി കൊടുക്കാത്തത് പ്രകോപനത്തിന് കാരണമായെന്നും പൊലീസ്. ശ്രീക്കുട്ടിയെ നടുവിന് ചവിട്ടിയാണ് പ്രതിയായ സുരേഷ് കുമാർ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്ഐആറിൽ സ്ഥിരീകരിക്കുന്നുണ്ട്.
ഞായറാഴ്ച രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചു കൊണ്ടാണ് പ്രതി ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുന്ന പെൺകുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാൾ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നൽകുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടികളെ ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.
രണ്ട് പെൺകുട്ടികളെയും ഇയാൾ ആക്രമിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അർച്ചന ഡോറിൽ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാർ ഓടിക്കൂടിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.
