തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ യുവാവ് കുടുങ്ങിയ സംഭവത്തിൽ ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി. വക്കം പാട്ടിക്കവിള സ്വദേശി അഖിൽ (34) ആണ് കിണറ്റിൽ അകപ്പെട്ടത്. ആറ്റിങ്ങൽ യൂണിറ്റിലെ ഫയർഫോഴ്സ് സംഘം എത്തിയാണ് അഖിലിനെ സുരക്ഷിതമായി കരയിലേയ്ക്ക് എത്തിച്ചത്.

സംഭവം കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു. വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ അഖിലിന്റെ മൊബൈൽ കിണറ്റിലേക്കു വീണതോടെ അത് എടുക്കാനായി ഇയാൾ കിണറ്റിലിറങ്ങി. ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റിലേക്കു വേഗത്തിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ കഴിഞ്ഞില്ല.

സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം നെറ്റ് ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിൽ വീണെങ്കിലും അഖിലിന് പരുക്കുകളോ ബോധക്ഷയമോ ഒന്നും സംഭവിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

കഷ്ടപ്പെട്ട് കിണറ്റിലിറങ്ങിയെങ്കിലും ഫോൺ കണ്ടെത്താനായില്ല എന്ന നിരാശയോടെയാണ് അഖിൽ രക്ഷപ്പെട്ടത്. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്.