കൊച്ചി: അങ്കമാലി കറുകുറ്റിക്കടുത്ത് കരിപ്പാലയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് കൂടുതൽ നടപടികളിലേക്ക് പോലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അമ്മുമ്മ റോസിലിയുടെ (60) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊല നടത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി പോലീസ് കണ്ടെത്തി. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേണയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ റോസിലിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകളാണ് മരിച്ച ഡൽന മരിയ സാറ. മാതാപിതാക്കൾ അസുഖബാധിതരായതിനെ തുടർന്ന് ഒരു വർഷം മുൻപാണ് റൂത്ത് സ്വന്തം വീട്ടിലേക്ക് വന്നത്. ഇതിനിടെയാണ് കുഞ്ഞു ഉണ്ടായത്. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾക്കു ശേഷം ചെല്ലാനത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണസംഭവം ഉണ്ടായത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന റോസിലി കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയിലായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കുഞ്ഞിനെ കുളിപ്പിച്ച ശേഷം അമ്മ റോസിലിയുടെ അടുത്ത് കിടത്തി ഭക്ഷണമെടുക്കാനായി റൂത്ത് അകത്തേക്ക് പോയതായിരുന്നു. പിന്നാലെ ഒച്ചകേട്ട് വന്നു നോക്കിയപ്പോഴേക്കും കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കാണുകയായിരുന്നു. ബഹളം കേട്ട് അയൽവാസികളടക്കം ഓടിയെത്തുമ്പോൾ ചോരയിൽ കുളിച്ച കുഞ്ഞിനെയാണ് കണ്ടത്. തുടർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
എന്തോ കടിച്ചതാണ് എന്നായിരുന്നു വീട്ടുക്കാർ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ വെച്ച് ആഴത്തിലുള്ള മുറിവ് കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടുകാരുടേയും അയൽക്കാരുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയിലാണ് അമ്മൂമ്മ മാനസിക വിഭ്രാന്തി നേരിടുന്നയാളാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് റോസിലി തന്നെ കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.വീട്ടിൽ നിന്ന് കൂട്ട നിലവിളി കേട്ടാണ് ഓടിയെത്തിയെതെന്നും ചോരയിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ അച്ഛൻ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് അയൽവാസി മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
