തിരുവനന്തപുരം: പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട്‌ പുറത്ത്. പ്രകോപനത്തിനു പിന്നിൽ പുകവലി ചോദ്യം ചെയ്തതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി സുരേഷ് കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാർ പെണ്‍കുട്ടികളുടെ അടുത്തെത്തി. പുകവലിച്ചെത്തിയ ഇയാളോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്നാണ് കണ്ടെത്തല്‍.

വാതിലിന്‍റെ അടുത്തായിരുന്ന ശ്രീക്കുട്ടിയെ പ്രതി ശക്തിയായി ചവിട്ടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചതെന്നും റിപ്പോർട്ടിലുണ്ട്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയിലാണ് തിരുവനന്തപുരം സ്വദേശിനിയായ ശ്രീക്കുട്ടിയെ പ്രതി ട്രെയിനില്‍നിന്നും ചവിട്ടി പുറത്തേക്ക് തള്ളിയിട്ടത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് 19കാരി. തലച്ചോറില്‍ ക്ഷതവും ഗുരുതരമായ പരുക്കുകളുമുള്ള ശ്രീക്കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സിക്കുന്നത്. നിലവില്‍ നല്‍കുന്ന ചികിത്സ തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

ശ്രീകുട്ടിയെ ഇന്ന് രാവിലെ മെഡിക്കല്‍ സംഘം പരിശോധിച്ചതിന് പിന്നാലെയാണ് നിലവില്‍ നല്‍കുന്ന ചികിത്സ തുടരാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ ഡോക്ടർമാർ അറിയിച്ചു. ചികിത്സയെപ്പറ്റി പരാതി പറഞ്ഞ അമ്മ പ്രിയദർശിനിയ്ക്ക് ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ ആരോഗ്യ അവസ്ഥ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.