മലപ്പുറം: ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലായിരുന്നു അപകടം. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവതി സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മറ്റൊരു സംഭവത്തിൽ കോട്ടയം വൈക്കത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മിനിലോറിയിൽ തട്ടി നിയന്ത്രണം നഷ്‌ടമായ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാവിന് ജീവൻ നഷ്ടമായത്. സംഭവത്തിൽ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയായിരുന്നു ഇർഫാൻ.