തിരുവല്ല: പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ തിരുവല്ലയിൽ 19വയസുകാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരാണെന്ന് കോടതി. കേസിലെ പ്രതിയായ അജിൻ റെജി മാത്യു (18) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യുവിന് അഡീഷണൽ ജില്ലാ കോടതി-1 വ്യാഴാഴ്ച ശിക്ഷ വിധിക്കും.
2019 മാര്‍ച്ച് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ല ചിലങ്ക ജംഗ്ഷനില്‍ വെച്ച് അജിൻ കവിതയെ നടുറോഡില്‍ കുത്തിവീഴ്ത്തിയ ശേഷം പ്രതി യുവതിയുടെ ശരീരത്തിൽ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാലാണ് അക്രമിച്ചതെന്നാണ് ഇയാള്‍ പോലിസിന് മൊഴി നൽകിയത്.
കോളജിലേക്കുള്ള യാത്രാമദ്ധ്യേയാണ് പ്രതി പെണ്‍കുട്ടിയെ പിന്നിലൂടെവന്ന് കുത്തിയതും പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയതും. സമീപവാസികളും നാട്ടുകാരും ചേർന്ന് തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആളിപ്പടര്‍ന്ന തീ വെള്ളമൊഴിച്ച് നാട്ടുകാര്‍ കെടുത്തിയെങ്കിലും പെണ്‍കുട്ടിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. 65 ശതമാനം പൊള്ളലേറ്റ കവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവവിക്കുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
