കേരള ചലച്ചിത്ര പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ശക്തമാവുന്നു. കുട്ടികളുടെ ചിത്രമായി പരിഗണിക്കാവുന്ന നല്ല സിനിമകൾ ഉണ്ടായില്ലെന്ന പരാമർശത്തിനൊപ്പം കിഷ്കിന്ധാ കാണ്ഡം സിനിമയെ പുരസ്കാരങ്ങളിലേക്ക് പരിഗണിക്കാതിരുന്നതും വിമർശനവിധേയമാവുന്നുണ്ട്.

ലാജോ ജോസിൻ്റെ തിരക്കഥയിൽ അമൽ നീരദ് സംവിധാനം ചെയ്ത ബോഗൻവില്ലയ്ക്ക് ആകെ ആറ് പുരസ്കാരങ്ങളാണ് ലഭിച്ചത്. അഡാപ്റ്റഡ് സ്ക്രീൻപ്ലേ, സംഗീതസംവിധാനം, കൊറിയോഗ്രാഫി, കോസ്റ്റ്യൂം, മേക്കപ്പ്, കളറിസ്റ്റ് എന്നീ പുരസ്കാരങ്ങൾ ബോഗൻവില്ല നേടി. കിഷ്കിന്ധാ കാണ്ഡം നേടിയത് ഒരേ ഒരു അവാർഡ്. മികച്ച എഡിറ്റർ.

മികച്ച തിരക്കഥയ്ക്കും മികച്ച സ്വഭാവനടനും കിഷ്കിന്ധാ കാണ്ഡത്തിന് അർഹതയുണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച തിരക്കഥകളിലൊന്നായിരുന്നു കിഷ്കിന്ധാ കാണ്ഡത്തിൻ്റേത്. ഒട്ടേറെ അടരുകളുള്ള തിരക്കഥ സമീപകാല മലയാള സിനിമകളൊക്കെ പരിഗണിച്ചാലും മികച്ചുനിൽക്കുന്നതാണ്. എന്നിട്ടും കിഷ്കിന്ധാ കാണ്ഡത്തിന് പുരസ്കാരം ലഭിച്ചില്ല. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സിനാണ് ലഭിച്ചത്. കിഷ്കിന്ധാ കാണ്ഡത്തിൽ വിജയരാഘവൻ അവതരിപ്പിച്ച അപ്പു പിള്ള താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു. ഇതിനും പുരസ്കാരം ലഭിച്ചില്ല. ഈ പുരസ്കാരവും സൗബിൻ ഷാഹിറിലൂടെ മഞ്ഞുമ്മൽ ബോയ്സിലെത്തി.

മികച്ച ചിത്രം, മികച്ച സംവിധായകൻ, സ്വഭാവ നടൻ, ഗാനരചയിതാവ്, ക്യാമറ, പ്രൊഡക്ഷൻ ഡിസൈൻ, കളറിസ്റ്റ്, സൗണ്ട് ഡിസൈൻ, സൗണ്ട് മിക്സിങ് എന്നീ 9 പുരസ്കാരങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയത്. സ്വഭാവ നടൻ ഭ്രമയുഗത്തിലെ വേലക്കാരൻ്റെ കഥാപാത്രത്തിലൂടെ സിദ്ധാർത്ഥ് ഭരതൻ സൗബിൻ ഷാഹിറുമായി പങ്കിടുകയാണ്. മികച്ച നടൻ, പശ്ചാത്തല സംഗീതം, മേക്കപ്പ് എന്നീ പുരസ്കാരങ്ങളും ഭ്രമയുഗം സ്വന്തമാക്കി.

സ്താനാർത്തി ശ്രീക്കുട്ടൻ പോലെ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ പുറത്തിറങ്ങിയിട്ടും മികച്ച കുട്ടികളുടെ ചിത്രം ഉണ്ടായില്ല എന്ന ജൂറി ചെയർമാൻ പ്രകാശ് രാജിൻ്റെ പ്രസ്താവനയും വിവാദമാണ്.