ഇൻഡോർ: മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ ഒരു മദ്രസയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വ്യാജ കറൻസി നോട്ടുകൾ കണ്ടെടുത്തു. ഇത്രയും വലിയ കള്ളനോട്ടുകൾ കണ്ടെടുത്തത് പോലീസിനെയും ഭരണകൂടത്തെയും അത്ഭുതപ്പെടുത്തിയിട്ട് ഉണ്ട്. ജാവർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൈതിയാൻ (മച്ചൗഡി റായത്ത്) ഗ്രാമത്തിലെ ഒരു മദ്രസയിൽ നിന്ന് ആണ് ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.

പള്ളിയിൽ ഇമാമായി നിയമിതനായ അഷ്‌റഫ് അൻസാരിയുടെ മകൻ സുബേറിന്റെ മുറിയിൽ നിന്ന് പത്തൊമ്പത് ലക്ഷത്തി എഴുപത്തി എണ്ണായിരം രൂപയുടെ വ്യാജനോട്ടുകൾ പോലീസ് കണ്ടെടുത്തു. മലേഗാവിൽ വ്യാജനോട്ടുകളുമായി സുബേറിനെയും പങ്കാളിയായ നാസിം അകം അയൂബ് അൻസാരിയെയും പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സുബേറിന്റെ പിതാവിന്റെ മദ്രസയിൽ പരിശോധന നടത്തിയത്.

വെള്ളിയാഴ്ച മുംബൈ-ആഗ്ര ഹൈവേയിലെ ഹോട്ടൽ ആവോണിന് സമീപം സഞ്ചരിച്ചിരുന്ന കാറിൽ നിന്നാണ് പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ബുർഹാൻപൂർ ജില്ലയിലെ താമസക്കാരായ അഷ്‌റഫ് അൻസാരിയുടെ മകൻ സുബേർ, നസീം അകം അയൂബ് അൻസാരി എന്നിവർ മലേഗാവ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ, ഒരു ബാഗ് എന്നിവയും പിടിച്ചെടുത്തു. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കള്ളനോട്ടുകൾ മദ്രസയിൽ ഒളിപ്പിച്ച് വച്ചതായി അറിയാൻ കഴിഞ്ഞത്.

അതേ സമയം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 179, 180, 3(5) വകുപ്പുകൾ പ്രകാരം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.