ആര്യനാട് : ട്യൂഷൻ കഴിഞ്ഞ് അച്ഛനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി ബൈക്ക് ഇടിച്ച് മരിച്ചു. ചെറുകുളം മധു ഭവനിൽ ജി.എസ്.ബിനീഷ് (മധു) – പെരുമ്പാവൂർ സ്കൂളിലെ അറബി അധ്യാപിക അനീഷ ദമ്പതികളുടെ മകൾ ബി.എ.ആൻസി (15) ആണ് മരിച്ചത്. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ പതിനൊന്നോടെ ആര്യനാട് വെള്ളനാട് റോഡിൽ ലൂഥർ ഗിരിക്കും ചെറുകുളത്തിനും ഇടയിലാണ് അപകടം.
ബിനീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ അരയ്ക്കു താഴെ ഗുരുതരമായി പരുക്കേറ്റു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടിയുടെ പുറത്ത് ടിപ്പർ കയറിയോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ പിതാവ് ബിനീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരൻ: ഏഴാം ക്ലാസ് വിദ്യാർഥി ബി.എ.ആന്റോ.
