കല്‍പ്പറ്റ: കർണാടക ആർടിസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിന്റെ പക്കല്‍നിന്ന് ഒന്നര കോടി രൂപയോളം കുഴല്‍പ്പണം പിടിച്ചെടുത്തു. വയനാട് മീനങ്ങാടിയില്‍ വച്ചാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് മൈസൂരു-കോഴിക്കോട് ദേശീയപാതയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് സ്വദേശി അബ്ദുള്‍ റസാഖിന്റെ പക്കല്‍ നിന്നാണ് എക്‌സൈസ് പണം പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ വോള്‍വോ സ്ളീപ്പർ ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. എക്‌സൈസ് നടത്തിയ പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 1.36 കോടി രൂപയാണ് പിടിച്ചെടുത്തത്. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സുല്‍ത്താൻ ബത്തേരി എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്‌ടർ സുനിലിന്റെയും എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്. പിടികൂടിയ തുക തുടർനടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എ ജെ ഷാജി അറിയിച്ചു.
