നിലപാട് വ്യക്തമാക്കണമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിഎംഎ സലാം നടത്തിയ അധിക്ഷേപപരാമർശത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാണക്കാട് തങ്ങൾക്കും പി. കെ. കുഞ്ഞാലിക്കുട്ടിക്കും ഇതേ അഭിപ്രായമാണോയെന്ന് അവർ വ്യക്തമാക്കണം. പിഎംഎ സലാമിന്റെ ഭാഷയാണോ അവർക്കുമെന്ന കാര്യവും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ തള്ളി മുസ്ലിം ലീഗ്. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ സാദിഖലി ശിഹാബ് തങ്ങൾ രംഗത്തെത്തിയത്.
ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമ. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പി എം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മാപ്പ് പറയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. പിഎംഎ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാതകൾ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വിമർശിച്ചു.
സംസ്ഥാന സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപം. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുംഅല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനമെന്നായിരുന്നു പിഎംഎ സലാമിന്റെ പരാമർശം.
പരാമർശത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പറഞ്ഞു.
‘അത് ആ പ്രസംഗത്തിൽ പറഞ്ഞു, ഇനി അതിനെ കുറിച്ച് കൂടുതൽ പ്രതികരണം ഇല്ല’- പി എം എ സലാം ട്വന്റിഫോറിനോട് പറഞ്ഞു.ലീഗ് നേതാക്കൾ ഇക്കാര്യത്തിൽ സലാമിന്റെ പിന്തുണച്ചു രംഗത്ത് എത്തിയിട്ടില്ല.
