തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് നടന്‍ പ്രേംകുമാർ. അതിൽ വിഷമമുണ്ടെന്ന് പ്രേംകുമാർ പ്രതികരിച്ചു. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറിനായിരുന്നു അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല.

എന്നാൽ അക്കാദമിക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചായിരുന്നു പുതിയ നിയമനം. ഓസ്കാർ ജേതാവായ പ്രശസ്ത ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടി ആണ് പുതിയ ചെയർമാന്‍.

ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനം തീരുമാനിക്കുന്നത് സർക്കാർ ആണെന്നും അതില്‍ അഭിപ്രായം പറയാനില്ലെന്നും പ്രേംകുമാർ വ്യക്തമാക്കി. എല്ലാവരും അഭിമാനത്തോടെ കാണുന്ന മഹാപ്രതിഭയാണ് ഇപ്പോൾ ആ സ്ഥാനത്ത് എത്തിയിരിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു.

ഒരു മഹാ പ്രതിഭയാണ് തനിക്ക് ശേഷം ആ ചുമതലയിലേക്ക് വന്നത്. ലോക സിനിമയില്‍ മലയാളത്തെ എത്തിച്ച കലാകാരന്‍ ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷന്‍ ആകുന്ന ചടങ്ങില്‍ സാന്നിധ്യമാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അറിപ്പും ക്ഷണവും ലഭിച്ചില്ല, അതില്‍ വലിയ വിഷമമുണ്ടെന്നും പ്രേംകുമാര്‍ തുറന്നുപറയുന്നു.

ആശ സമരത്തോട് അനൂകൂല നിലപാട് എടുത്തത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് തിരിച്ചടിയായത് എന്ന നിലയിലുള്ള അഭ്യൂഹങ്ങള്‍ പ്രേംകുമാർ തള്ളി. ആശാ സമരത്തെ പിന്തുണച്ചിട്ടില്ല. സമരം അവസാനിപ്പിക്കാൻ ശ്രമിക്കണം എന്നാണ് പറഞ്ഞത്. കലാകാരനെന്ന നിലയ്ക്കുള്ള അഭിപ്രായം പ്രകടിപ്പിക്കുകയാണ് ചെയ്തതെന്നും അത് സർക്കാരിന് ദോഷകരമായതല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.