കണ്ണൂർ: കണ്ണൂരിൽ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. കണ്ണൂർ പയ്യാമ്പലത്ത് ഇന്നു രാവിലെയാണ് അപകടമുണ്ടായത്. കർണാടക സ്വദേശികളായ അഫ്നാൻ, റഹാനുദ്ദീൻ, അഫ്റാസ് എന്നിവരാണ് മരിച്ചത്.
ബെംഗളുരുവിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് മൂവരും. കടലിൽ കുളിക്കാനിറങ്ങിയതോടെയാണ് ഇവർ തിരയിൽപെട്ടത്.
എട്ടു പേരുടെ സംഘമാണ് കണ്ണൂരിലെത്തിയത്. ഇവർ താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
അഫ്റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാൻ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
