ഇസ്‍ലാമാബാദ്: ഇന്ത്യ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തി വെച്ചതിന് പിന്നാലെ പാകിസ്താൻ കടുത്ത ജലപ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോർട്ട്. സിന്ധു നദീതടത്തിലെ ജലത്തെ ആശ്രയിച്ചു കൊണ്ടാണ് പാകിസ്താന്റെ കാർഷിക മേഖല മുന്നോട്ട് പോകുന്നത്. പാകിസ്താനിലെ 80 ശതമാനം കൃഷിയും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ്.

കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ പാകിസ്താൻ ഗുരുതര പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന് ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. സിന്ധുവിന്റെയും അതിന്റെ പോഷക നദികളുടെയും പാകിസ്താനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സിഡ്‌നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്.

ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താനുമായി സിന്ധു നദീജലം പങ്കിടാനുള്ള 1960ലെ കരാർ താൽക്കാലികമായി റദ്ദാക്കുന്നത്. ഈ കരാർ പ്രകാരം, ബിയാസ്, രവി, സത്ലജ് എന്നിവയുൾപ്പെടെയുള്ള കിഴക്കൻ നദികളുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ട്, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവയുടെ വെള്ളം പാകിസ്താനുമായി പങ്കിടാൻ ഇന്ത്യ സമ്മതിച്ചിരുന്നു. ഇന്ത്യക്ക് ഈ നദികളിലെ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായി തടയാനോ നിർത്തിവെക്കാനോ സാധിക്കില്ല.

എന്നിരുന്നാലും വേനൽക്കാലം പോലുള്ള നിർണായക സമയങ്ങളിൽ അണക്കെട്ടുകളുടെ പ്രവർത്തനങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും പാകിസ്താനെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു. പാകിസ്താനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള വെള്ളം മാത്രമേ സംഭരിച്ചുവെക്കാനുള്ള ശേഷിയുള്ളൂവെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യ സിന്ധു നദിയുടെ ഒഴുക്ക് നിർത്തുകയോ ഗണ്യമായി കുറക്കുകയോ ചെയ്താൽ പാകിസ്താനിലെ സമതലങ്ങൾ,പ്രത്യേകിച്ച് ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.