മെൽബൺ : ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തു കൊണ്ടു പരുക്കേറ്റ് ചികിത്സയിലായിരുന്നു കൗമാരതാരം മരിച്ചു. ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയാണ് പതിനേഴുകാരനായ ബെൻ ഓസ്റ്റിന് പരുക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഓസ്റ്റിൻ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ, ഒരു ട്വന്റി20 മത്സരത്തിനു മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെയായിരുന്നു ദാരുണസംഭവം. പാഞ്ഞെത്തിയ പന്ത്, ഓസ്റ്റിന്റെ തലയ്ക്കും കഴുത്തിനും ഇടയിലുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഓസ്റ്റിൻ ഹെൽമറ്റ് ധരിച്ചിരുന്നു. സ്ഥലത്തു ബോധരഹിതനായി വീണ കുട്ടിയെ ഉടൻ മൊബൈൽ ഐസിയു ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഓട്ടമാറ്റിക് മെഷീനിൽനിന്നു പന്തെറിഞ്ഞാണ് പരിശീലനം നടത്തിയതെന്നാണ് വിവരം. കൗമാരതാരത്തിന്റെ അകാലവിയോഗത്തിൽ ഫെർൻട്രീ ഗല്ലി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ‘‘ബെന്നിന്റെ വിയോഗത്തിൽ ഞങ്ങൾ തകർന്നിരിക്കുകയാണ്. അവന്റെ മരണത്തിന്റെ ആഘാതം ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവർക്കും അനുഭവപ്പെടും. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവന്റെ കുടുംബത്തോടൊപ്പമുണ്ട്. ഈ സമയത്ത് ബെന്നിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു. സഹായിച്ച എല്ലാവരോടും കുടുംബത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു. ദുഃഖത്തിന്റെ ഈ സമയത്തും തുടർന്നും നിങ്ങളുടെ പിന്തുണ ഞങ്ങൾ അഭ്യർഥിക്കുന്നു. ബെന്നിനു നിത്യശാന്തി നേരുന്നു.’’– ഫെയ്സ്‌ബുക് കുറിപ്പിൽ ക്ലബ് വ്യക്തമാക്കി.
