വാഷിങ്ടൻ : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂന്നാം ഊഴത്തെക്കുറിച്ചുള്ള ചർച്ചകളും അഭ്യൂഹങ്ങളും സജീവമായി നിലനിൽക്കുന്നതിനിടയിൽ, ഭരണഘടനയുടെ വ്യക്തമായ വിലക്കുകൾ കാരണം തനിക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. ‘ഞാനത് വായിച്ചുനോക്കിയപ്പോൾ, എനിക്ക് മത്സരിക്കാൻ അനുവാദമില്ലെന്ന് വ്യക്തമായി, അത് വളരെ മോശമാണ്,’ എന്ന് പ്രസിഡന്റ് ട്രംപ് ഒരു വിദേശയാത്രാവേളയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈറ്റ് ഹൗസിലും സാമൂഹിക മാധ്യമങ്ങളിലും ‘ട്രംപ് 2028’ എന്ന ഹാറ്റ് ഉൾപ്പെടെയുള്ള ചരക്കുകൾ വിൽക്കുകയും അനുയായികൾ മൂന്നാം ഊഴത്തിനായി പ്രചാരണം നടത്തുകയും ചെയ്യുന്നതിനിടെയാണ് ഭരണഘടനാപരമായ യാഥാർഥ്യം അദ്ദേഹം സമ്മതിക്കുന്നത്. ഒരു വ്യക്തിക്ക് രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ കഴിയില്ലെന്ന് നിഷ്കർഷിക്കുന്ന അമേരിക്കൻ ഭരണഘടനയിലെ 22-ാം ഭേദഗതിയാണ് ട്രംപിന് വിലങ്ങുതടിയാവുന്നത്. 1951-ൽ നിലവിൽ വന്ന ഈ നിയമം, നാല് തവണ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ പശ്ചാത്തലത്തിൽ, അധികാരം കേന്ദ്രീകരിക്കുന്നത് തടയാനായി കൊണ്ടുവന്നതാണ്.
ട്രംപ് ഇതിനകം രണ്ട് തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ, ഈ ഭേദഗതിയുടെ ‘ഇലക്റ്റഡ്’ എന്ന വാക്കിൽ പഴുതുകൾ തേടാൻ ചില നിയമ വിദഗ്ഗർ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന്റെ ലക്ഷ്യം പ്രസിഡന്റ് പദവിയിലെ സേവനം എട്ട് വർഷമായി പരിമിതപ്പെടുത്തുക എന്നതാണെന്ന് ഭൂരിഭാഗം ഭരണഘടനാ വിദഗ്ദരും ഉറപ്പിച്ചു പറയുന്നു. നിയമപരമായ വിലക്ക് അവഗണിച്ച് ട്രംപ് 2028-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങിയാൽ അത് രാജ്യത്ത് വലിയ നിയമപ്രതിസന്ധിക്ക് വഴിവയ്ക്കും. അദ്ദേഹത്തിന്റെ നാമനിർദേശ പത്രിക റദ്ദാക്കാനുള്ള സാധ്യതകളുണ്ട്, അഥവാ മത്സരിച്ചാൽ തന്നെ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യമായി വരും. ഭരണഘടനാ നിയമത്തിലെ അർഥം വ്യക്തമായതിനാൽ, ഏതൊരു കോടതിയിലും അദ്ദേഹത്തിന്റെ മത്സരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാനാണ് സാധ്യത. കൂടാതെ, വൈസ് പ്രസിഡന്റായി മത്സരിച്ച് പിന്നീട് പ്രസിഡന്റാകാൻ ശ്രമിക്കുന്ന ‘തന്ത്രപരമായ’ നീക്കങ്ങളെ ‘അത് ശരിയല്ല, ആളുകൾക്ക് അത് ഇഷ്ടപ്പെടില്ല’ എന്ന് പറഞ്ഞ് ട്രംപ് തന്നെ തള്ളിക്കളയുകയും ചെയ്തു. നിലവിലെ ഭരണഘടന മാറ്റിയെഴുതുക എന്നത്, ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷവും 38 സംസ്ഥാനങ്ങളുടെ അംഗീകാരവും ആവശ്യമുള്ള, ഏതാണ്ട് അസാധ്യമായ ഒരു പ്രക്രിയയാണ്.
