ഹൈദരാബാദ്: കർണൂൽ ബസ് ദുരന്തത്തിൽ ട്വിസ്റ്റ്, മറ്റൊരു ബസിന്റെ ഡ്രൈവറാണ് അപകടത്തിനു കാരണം, പ്രതിയ്ക്കായി അന്വേഷണം.19 പേർ കൊല്ലപ്പെട്ട കർണൂൽ ബസ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്.
അതേ റൂട്ടിൽ സഞ്ചരിച്ച മറ്റൊരു ബസിന്റെ ഡ്രൈവറാണ് അപകടം ഉണ്ടാക്കിയതെന്നും ഇയാൾക്കായി തിരച്ചിൽ തുടങ്ങിയതായും ആന്ധ്ര പോലീസ് അറിയിച്ചു. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിൽ 43 പേരുണ്ടായിരുന്നു. കർണൂൽ ജില്ലയിലെ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മദ്യപിച്ച ബൈക്കയാത്രികൻ നിയന്ത്രണം തെറ്റി ബസിന് ഇടിക്കുകയും ബൈക്കിന്റെ പെട്രോൾ ടാങ്ക് തകർന്ന തീപ്പിടിച്ച് ബസ് കത്തിയമരുകയായിരുന്നു എന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാൽ, ബൈക്കിൽ ആദ്യം ഇടിച്ചത് മറ്റൊരു ബസാണെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. അപകടത്തിൽപെട്ട ബൈക്ക് റോഡിന് നടുവിൽ കിടക്കുമ്പോഴാണ് ഹൈദരാബാദ്-ബെംഗളൂരു കാവേരി ട്രാവൽസ് ബസ് ഇതുവഴി പോവുന്നത്. ബസ് 300 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് പൊട്ടിത്തെറി ഉണ്ടായതെന്നും ബസിനു തീപ്പിടിച്ചതെന്നും പോലീസ് കരുതുന്നു.
