കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള.

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുണ്ടെന്ന് ജിസിഡിഎ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള. സ്‌പോണ്‍സറായ കമ്പനി തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും മെസിയും അര്‍ജന്റീന ടീമും മാര്‍ച്ചില്‍ സ്റ്റേഡിയത്തില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പെന്നും ചന്ദ്രന്‍ പിള്ള ആരോപിച്ചു. ക്രിമിനല്‍ കുറ്റമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

സ്റ്റേഡിയത്തില്‍ അതിക്രമിച്ചു കയറി. ടര്‍ഫടക്കം അന്താരാഷ്ട്ര നിലവാരത്തില്‍ പരിപാലിക്കുന്നതാണ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കരാറുണ്ട്. ജിസിഡിഎ-സ്റ്റേഡിയ വിവാദം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കലൂർ സ്റ്റേഡിയത്തിലെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് ആന്റോ അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അർജന്റീനയുടെ മത്സരം മാറ്റിവെച്ചെങ്കിലും നിർമാണം പൂർത്തിയാക്കും. നിർമാണം പൂർത്തിയാക്കി മത്സരം നടത്താനുള്ള കരാർ നവംബർ 30 വരെയാണ്. അതിന് മുൻപ് പണി പൂർത്തിയാക്കി സ്റ്റേഡിയം കൈമാറും. സ്റ്റേഡിയത്തിലെ ഓരോ നിർമാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കർഷിക്കുന്ന നിലവാരത്തിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.