റിയാദ് : സൗദി അറേബ്യയിലെ സ്ഥാപനങ്ങൾക്കിടയിൽ പ്രവാസി തൊഴിൽ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് (പുറംജോലിക്കരാർ) ചെയ്യുന്നതിനുള്ള പുതുക്കിയ നിയമങ്ങൾക്ക് അംഗീകാരം. സ്ഥാപനങ്ങൾ തമ്മിൽ പ്രവാസി തൊഴിൽ സേവനങ്ങൾ പുറംജോലി കരാർ നൽകുന്നതിനുള്ള നിയന്ത്രണ നിയമങ്ങൾ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽ രാജ്ഹി അംഗീകരിച്ചു.

തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സ്ഥാപനങ്ങളും കമ്പനികളും തമ്മിലുള്ള കരാർ ബന്ധങ്ങളിൽ സുതാര്യതയോടൊപ്പം നിയമാധീഷ്ഠിതമാക്കുന്നതിനും ആണ് പുതിയ ചട്ട നിയന്ത്രണങ്ങൾ രൂപപ്പെടുത്തിയത്. ഇതുവഴി രാജ്യത്ത് നിലവിലുള്ള തൊഴിലാളികൾക്ക് പ്രത്യേക ജോലികൾക്കായുള്ള സേവനങ്ങൾ പുറംജോലി കരാറിൽ ഏർപ്പെട്ട് ചെയ്യാൻ സ്ഥാപനങ്ങൾക്ക് സാധിക്കും.

അജീർ പ്ലാറ്റ്‌ഫോം വഴി പ്രവാസി തൊഴിൽ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിങ് നിയന്ത്രിക്കുന്ന നിയമങ്ങളുടെ വിശദാംശങ്ങൾ അവലോകനം ചെയ്യാനും അംഗീകൃത ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായി സ്ഥാപനങ്ങളുടെ സാഹചര്യം ശരിയാക്കുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്താനും മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ തമ്മിലുള്ള സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിങ് നിയന്ത്രിക്കാനും അതുവഴി കരാർ അവകാശങ്ങൾ സംരക്ഷിക്കാനും സൗദി തൊഴിൽ വിപണിയിലെ തൊഴിൽ അന്തരീക്ഷത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ നിയന്ത്രണങ്ങൾ വഴി ലക്ഷ്യമിടുന്നു.