‘അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്, അന്തസോടെ’; വിദ്യാർത്ഥിനിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാർത്ഥിനിയെ പുതിയ സ്‌കൂളിലേക്ക് മാറ്റി. പള്ളുരുത്തി ഡോൺ പബ്ലിക് സ്‌കൂളിലേക്കാണ് മാറ്റിയത്. അന്തസ്സ് ഉയർത്തിപ്പിടിച്ച് മകൾ പുതിയ സ്‌കൂളിലേക്ക് പോകുന്നു എന്ന് കുട്ടിയുടെ പിതാവ് അനസ് നൈന അറിയിച്ചു.
മക്കൾ അവരുടെ ഡിഗ്‌നിറ്റി ഉയർത്തിപിടിച്ചു തന്നെ, അവളുടെ തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് പോകുകയാണ്. പ്രതിസന്ധി ഘട്ടത്തിൽ ആൾക്കൂട്ടങ്ങളുടെയോ സംഘടിത ശക്തിയുടെയോ പിൻബലമില്ലാത്ത ഒരു സാധാരണക്കാരനായ തനിക്കൊപ്പം നിന്ന മുഴുവൻ ആളുകൾക്കും നന്ദി. വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കൾ യാത്ര തുടരട്ടെ എന്നാണ് അനസ് നൈനയുടെ പ്രതികരണം.

മകളുടെ താൽപര്യപ്രകാരം സ്‌കൂളിൽ നിന്ന് ടിസി വാങ്ങി മറ്റൊരിടത്ത് ചേർക്കുമെന്ന് പിതാവ് കോടതിയിലും അറിയിച്ചിരുന്നു. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തി എന്നതായിരുന്നു പരാതി. ഇതിൽ കുട്ടിയുടെ അവകാശം സംരക്ഷിക്കുന്നതിനായി സർക്കാരും വകുപ്പും ഇടപെട്ടിരുന്നു.