കൊച്ചി : ചോറ്റാനിക്കര സ്വദേശിയായ ഭാര്യയെ ബലപ്രയോഗത്തിലൂടെ അണുനാശിനി കുടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശിയായ കനേഡിയൻ പൗരൻ ശ്രീകാന്ത് മേനോൻ(35), മാതാപിതാക്കളായ ടി.കെ.ജയചന്ദ്രൻ (69), ബീന(59) എന്നിവരെ വിചാരണക്കോടതി കുറ്റക്കാരല്ലെന്നു കണ്ടെത്തി വിട്ടയച്ചു. കൊലപാതക ശ്രമം, സ്ത്രീധന പീഡനം തുടങ്ങി പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത ചോറ്റാനിക്കര പൊലീസും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സിബിഐയും ചുമത്തിയ കുറ്റങ്ങളൊന്നും കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല.

കേസ് റജിസ്റ്റർ‌ ചെയ്ത വിവരം അറിയാതെ നാട്ടിലെത്തി മടങ്ങുന്നതിനിടയിൽ വിമാനത്തിൽനിന്നാണു സിബിഐ ശ്രീകാന്തിനെ അറസ്റ്റ് ചെയ്തത്. ന്യൂ‍ഡൽഹി വിമാനത്താവളത്തിൽ 2023 ഫെബ്രുവരി ആദ്യമായിരുന്നു അറസ്റ്റ്. അന്നു റിമാൻഡിലായ ശ്രീകാന്തിനു ജാമ്യം ലഭിച്ചതിനു ശേഷവും തിരികെ കാനഡയിൽ എത്താൻ കഴിയാതിരുന്നതിനാൽ ജോലി നഷ്ടപ്പെട്ടിരുന്നു. 2018ലാണ് ചോറ്റാനിക്കര സ്വദേശിനിയെ ശ്രീകാന്ത് വിവാഹം കഴിച്ചത്. 2020 മുതൽ യുവതി കാനഡയിൽ ശ്രീകാന്തിന് ഒപ്പമായിരുന്നു താമസം. അവിടെ വച്ച് അണുനാശിനി കുടിപ്പിച്ചു എന്നായിരുന്നു ആരോപണം. ശ്രീകാന്ത് വിദേശ പൗരനായതിനാലാണ് സിബിഐ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.