‘സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിന്റെ ചരിത്രം. സ്വത്വം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റം’

ലക്‌നൗ: ഉത്തർ പ്രദേശിൽ വീണ്ടും സ്ഥലപ്പേര് മാറ്റി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മുസ്തഫാബാദ് എന്ന സ്ഥലം ഇനി മുതല്‍ കബീര്‍ധാം എന്നാണ് അറിയപ്പെടുക. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ ആദിത്യനാഥാണ് പേര് മാറ്റ പ്രഖ്യാപനം നടത്തിയത്. ‘സന്ത് കബീറുമായി ബന്ധപ്പെട്ടതാണ് സ്ഥലത്തിന്റെ ചരിത്രം. അതിനാല്‍ ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റം’ എന്നായിരുന്നു പേര് മാറ്റത്തിലെ വിശദീകരണം.

സ്ഥല പേര് മാറ്റുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി യോഗി ആദിത്യനാഥ് അറിയിച്ചു. സ്മൃതി മഹോത്സവ് മേളയില്‍ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. പണ്ടത്തെ മുസ്ലീം ഭരണാധികാരികള്‍ അവരുടെ പേരുകളാണ് സ്ഥലങ്ങള്‍ക്ക് നല്‍കിയതെന്നും തങ്ങള്‍ ആ പേര് മാറ്റിയെന്നും ആദിത്യനാഥ് അറിയിച്ചു. മുസ്ലീം ജനസംഖ്യ ഇല്ലാതിരുന്നതിലും ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേരിട്ടതില്‍ ആശ്ചര്യമുണ്ടെന്നും യോഗി പറഞ്ഞു. ഇത് അഭിമാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

‘മുന്നേ ഭരിച്ചിരുന്നവര്‍ പ്രയാഗ്‌രാജിനെ അലഹാബാദ് എന്നും അയോധ്യയെ ഫൈസാബാദ് എന്നും കബീര്‍ധാമിനെ മുസ്തഫാബാദ് എന്നും പുനര്‍നാമകരണം ചെയ്തു. ഞങ്ങളുടെ സര്‍ക്കാര്‍ ഇതെല്ലാം പഴയത് പോലെയാക്കുകയാണ്. മുസ്ലീം വിഭാഗക്കാര്‍ ഇല്ലാത്ത സ്ഥലത്തിന് മുസ്തഫാബാദ് എന്ന പേരിട്ടതില്‍ അത്ഭുതം തോന്നുന്നു. പണ്ടെത്തേത് പോലെയല്ല, ഇപ്പോള്‍ സര്‍ക്കാരിന്റെ പണം ഇതുപോലെ ‘വിശ്വാസ കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും’ വീണ്ടെടുപ്പിനായാണ് ഉപയോഗിക്കുന്നത്.’ യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.