അബുദാബി/ ദുബായ് : പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ ഇന്നു മുതൽ പുതിയ ഓൺലൈൻ പോർട്ടൽ. പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും പുതിയ പോർട്ടൽ വഴിയാണ് സ്വീകരിക്കുകയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നും പറഞ്ഞു.
പാസ്പോർട്ട് സേവാ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം. ചിപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാക്കിയാണ് ഇ-പാസ്പോർട്ട് ലഭ്യമാക്കുക. ഇത് ആഗോള തലത്തിൽ എമിഗ്രേഷൻ ക്ലിയറൻസ് കൂടുതൽ എളുപ്പമാക്കും

https://mportal.passportindia.gov.in/gpsp/AuthNavigation/Login ലിങ്കിൽ പ്രവേശിച്ച ശേഷം വ്യക്തി വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യണം. തുടർന്ന് ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ അപേക്ഷാ ഫോറത്തിൽ വിവരങ്ങൾ തെറ്റില്ലാതെ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. വിജയകരമായി പൂർത്തിയാക്കിയ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം. തുടർന്ന് വീസ, പാസ്പോർട്ട് സേവന ദാതാക്കളായ ബിഎൽഎസിൽ രേഖകൾ സമർപ്പിക്കുന്നതിന് ലിങ്കിൽ (https://indiavisa.blsinternational.com/uae/appointment/bls_appmnt/login) പ്രവേശിച്ച് അപ്പോയ്ൻമെന്റ് ബുക്ക് ചെയ്യണം.

ലഭിക്കുന്ന തീയതിയിൽ പ്രസ്തുത സമയത്ത് ബിഎൽഎസിൽ എത്തിയാൽ കാത്തിരിപ്പും നടപടിക്രമങ്ങളും കുറയ്ക്കാം. അപേക്ഷയിൽ എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അധിക നിരക്കു നൽകാതെ തിരുത്താനും സാധിക്കും. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ മാനദണ്ഡം അനുസരിച്ച് ഫോട്ടോ, ഒപ്പ്, മറ്റു രേഖകൾ എന്നിവ പിഎസ്പി പോർട്ടലിൽ നേരിട്ട് അപ് ലോഡ് ചെയ്യാനും അവസരമുണ്ട്. അതിനാൽ ബിഎൽഎസ്സിൽനിന്ന് ഫോട്ടോ എടുക്കണമെന്ന് നിർബന്ധമില്ല.