തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

കാലാവസ്ഥ പ്രതികൂലമായതോടെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കിയിൽ മുൻകരുതലിന്റെ ഭാഗമായി മൂന്നാർ ഗ്യാപ്പ് വവിയുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ദുരന്തബാധിതരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ അടിമാലി ഗവൺമെന്റ് ഹൈകൂളിലെ എൽപി, യുപി വിഭാഗങ്ങൾക്ക് ഇന്ന് അവധിയാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അടിമാലി- മൂന്നാർ പാതയിൽ അനിശ്ചിതകാലത്തേത്ത് യാത്രാനിരോധനം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലൂടെ സഞ്ചരിക്കുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.