കൊച്ചി : മെസിയും അര്‍ജീന്റീനയും വരുമെന്ന് പ്രഖ്യാപിച്ച് പുതുക്കിപ്പണിയാൻ പൊളിച്ചിട്ട കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തെച്ചൊല്ലി വിവാദം മുറുകുന്നു. അർജന്റീന നവംബറിൽ വരുന്നില്ലെന്ന് വ്യക്തമായതോടെ സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങളുടെ ഭാവി എന്താകും എന്നതിനെ ചൊല്ലിയാണ് പ്രധാന തർക്കം. നിർമാണ ജോലികൾ പൂർത്തിയാക്കുമെന്ന് സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ വ്യക്തമാക്കുമ്പോഴും സ്പോൺസറുമായുള്ള കരാർ അടക്കമുള്ള കാര്യങ്ങളിൽ ദുരൂഹത തുടരുകയാണ്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിനും കായികമന്ത്രിക്കും ജിസിഡിഎയ്ക്കും ഇതിൽ പങ്കുണ്ടെന്നും ആരോപിച്ച് സ്ഥലം എംപി ഹൈബി ഈഡനും രംഗത്തെത്തി.