ഇസ്‌ലാമാബാദ് : ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം ഉൾപ്പെടെയുള്ള പ്രധാന സുരക്ഷാ വിഷയങ്ങളിൽ താലിബാൻ യുക്തിരഹിതമായ നിലപാട് സ്വീകരിക്കുന്നതായി പാക്കിസ്ഥാൻ. ഇതോടെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾ വഴിമുട്ടിയതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പേരിലാണ് പാക്കിസ്ഥാൻ അഫ്ഗാന്റെ അതിർത്തി പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായുള്ള രണ്ടാം വട്ട ചർച്ചകൾ തുർക്കിയിൽ നടക്കുകയാണ്. ഭീകരവാദത്തെ തടയാൻ കഴിഞ്ഞില്ലെങ്കിൽ യുദ്ധമെന്ന മാർഗം മുന്നിലുണ്ടെന്ന് പാക്കിസ്ഥാൻ വീണ്ടും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാക്ക്–അഫ്ഗാൻ സംഘർഷത്തിൽ നിരവധി സൈനികരാണ് ഇരുപക്ഷത്തും മരിച്ചത്. ഒക്ടോബർ 19ന് ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലുണ്ടായത്.