കോട്ടയം : നിർമാണം പൂർത്തിയാക്കാതെ ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം നടത്തിയതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ചടങ്ങ് നടക്കുന്നതിനു സമീപം ചാണ്ടി ഉമ്മൻ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. വികസന സദസ്സും ഉമ്മൻചാണ്ടി സ്മാരക സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനവും ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷണിച്ചതായി പഞ്ചായത്തും പറയുന്നു.

പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകാതെ അപമാനിച്ച ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രത്തിനും മിനി സിവിൽ സ്റ്റേഷനും ഉമ്മൻ ചാണ്ടിയുടെ പേരു നൽകുമെന്നാണു പറയുന്നത്. ഇതിൽ ഒരു ആത്മാർഥതയുമില്ല. പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കാതെ രണ്ടാംഘട്ടം നിർമാണം ആരംഭിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.