ജയ്പുർ : രണ്ടു വർഷം ഒരു ഓഫിസിലും ജോലി ചെയ്തിട്ടില്ല, പക്ഷേ, അക്കൗണ്ടിലെത്തിയ ശമ്പളം 37.54 ലക്ഷം രൂപ! ഈ വ്യക്തിയുടെ പേര് പൂനം ദീക്ഷിത് – രാജസ്ഥാൻ സർക്കാരിന്റെ കീഴിലുള്ള രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഐടി വിഭാഗം ജോയിന്റ് ഡയറക്ടർ ആയ പ്രദ്യുമാൻ ദീക്ഷിതിന്റെ ഭാര്യ. ഭാര്യയുടെ പേരിൽ അനധികൃതമായി പണം സമ്പാദിച്ചുവെന്നാരോപിച്ച് പ്രദ്യുമാനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ ഒരാൾ നൽകിയ പരാതിയെത്തുടർന്നാണ് ഈ സംഭവങ്ങൾ പുറത്തുവന്നത്.
ഓറിയോൺപ്രോ സൊലൂഷൻസ്, ട്രീഗെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്ന രണ്ടു സ്വകാര്യ കമ്പനികളിൽ പൂനം ദീക്ഷിത് ജോലി ചെയ്തുവെന്ന് കാട്ടിയാണ് ‘ശമ്പള’മെത്തിയിരിക്കുന്നത്. ഈ കമ്പനികൾക്ക് സർക്കാരിന്റെ ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. കരാർ കൊടുത്തതിന്റെ പേരിൽ രണ്ടു കമ്പനികളും പ്രദ്യുമാന്റെ നിർദേശപ്രകാരം ഭാര്യയെ ജോലിക്കെടുത്ത് മാസശമ്പളം കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞവർഷം സെപ്റ്റംബർ ആറിന് രാജസ്ഥാൻ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ജൂലൈ മൂന്നിനാണ് കേസ് എടുത്തത്.
