കോട്ടയം : വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമാണോ എന്ന സംശയവുമായി ബന്ധുക്കൾ. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. 10ന് രാത്രി വയലാ കാട്ടാമ്പള്ളി ഭാഗത്ത് വാഹനം തട്ടി മരിച്ച നിലയിലാണ് ജയനെ കണ്ടെത്തുന്നത്. സുഹൃത്തുക്കളാണ് ജയനെ ആശുപത്രിയിൽ എത്തിച്ചത്.

ഏതോ വാഹനം തട്ടി വഴിയിൽ കിടന്ന ജയനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ സുഹൃത്തിന്റെ കാർ‌ ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തി. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർ‌ച്ചറിയിലേക്കു മാറ്റി. ജയനെ കാണാൻ ആശുപത്രിയിലെത്തിയ സഹോദരങ്ങൾ അറിഞ്ഞത് മരണ വാർത്തയാണ്. മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. ‌എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.