കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്ററും എംഡിയുമായ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീനയുടെ മത്സരം മാറ്റിവച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണം പൂര്‍ത്തിയാക്കി മത്സരം നടത്താനുള്ള കരാര്‍ നവംബര്‍ 30 വരെയാണ്. അതിന് മുന്‍പ് പണി പൂര്‍ത്തിയാക്കി സ്റ്റേഡിയം കൈമാറും. സ്റ്റേഡിയത്തിലെ ഓരോ നിര്‍മാണവും ജിസിഡിഎയുടെയും എസ്‌കെഎഫിന്റെയും അനുമതിയോടെയാണ്. ഫിഫ നിഷ്‌കര്‍ഷിക്കുന്ന നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഡിയത്തില്‍ എഴുപത് കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രാജ്യാന്തര നിലവാരത്തിലാണ് പുനര്‍നിര്‍മാണം. സ്റ്റേഡിയത്തെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കസേരകള്‍ മുഴുവന്‍ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം മുഴുവന്‍ പെയിന്റ് ചെയ്തു. രാജ്യാന്തര നിലവാരത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് മറ്റൊരു ഭാഗത്ത് കൂടി നടക്കുന്നുണ്ട്. ബാത്‌റൂമുകള്‍ ഉള്‍പ്പെടെ മാറ്റിപ്പണിയുകയാണ്. സ്റ്റേഡിയത്തില്‍ 38 എര്‍ത്തുകളുടെ ആവശ്യമുണ്ട്. ഇവിടെ ഒരു എര്‍ത്ത് പോലുമില്ല എന്നതാണ് വാസ്തവം. ഒരു എര്‍ത്തിന് ഒരു കോടി രൂപയെങ്കിലും ആവശ്യമായി വരും. അത് ഉടന്‍ സ്ഥാപിക്കും. ഇതടക്കമുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
